ചാറ്റല്‍ മഴ


പതിവിലേറെ ഇരുട്ടു വ്യാപിച്ചിരുന്നു.
അവള്‍ വാച്ചിലേക്കുനോക്കി സമയം ആറു മണി കഴിഞ്ഞിരിക്കുന്നു. തുലാമാസമായതിനാല്‍ വൈകുന്നേരങ്ങളില്‍ ആകാശം വെടിക്കെട്ടുകള്‍ നടത്തുകപതിവായിരുന്നു. അതുകൊണ്ടാവാം ഇരുട്ടു സമയത്തെ മറച്ചത്‌. ഈ സമയത്തുള്ള തന്റെ യാത്ര തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ എത്രയോ ആയെന്ന്‌ അവള്‍ ഓര്‍ത്തു. സൂര്യന്‍ മയങ്ങാനായി ചക്രവാളങ്ങളിലേക്കു മറയുന്നതും, മേഘങ്ങള്‍ ആകാശത്ത്‌ തീര്‍ത്ത വിചിത്ര രൂപങ്ങളേയുമൊക്കെ(ആനയുടേയും ഒട്ടകത്തിന്റേയുമൊക്കെ രൂപത്തില്‍ മേഘങ്ങളെ അവള്‍ കണ്ടിരുന്നു.) കണ്ടുകൊണ്ടുള്ള യാത്ര ഒരിക്കലും അവളെ മടുപ്പിച്ചിരുന്നില്ല. ചെറുതായി ചാറ്റല്‍ മഴ തുടങ്ങിയിരിക്കുന്നു. പുറത്തെ കാഴ്ച്ചകളെ മറച്ചുകൊണ്ട്‌ യാത്രക്കാര്‍ ഷറ്ററുകള്‍ താഴ്‌ത്തി. അവള്‍ സീറ്റിലേയ്ക്ക്‌ തല ചായ്ച്ചു കിടന്നു.
മുമ്പൊക്കെ യാത്രകളില്‍ കൂട്ടായി അഞ്ഞ്‌ജലി ഉണ്ടായിരുന്നു.കോളേജു ക്ലാസ്സുകളില്‍ അവളുടെ കൂട്ട്‌ തനിക്കേറെ ആശ്വാസമായിരുന്നു. സംസാരത്തില്‍ പിശുക്കുകാണിക്കുന്ന അച്ഛനും, പകലന്തിയോളം പണിയെടുത്ത്‌ തലചായ്ക്കാന്‍ ധൃതി കാണിക്കുന്ന അമ്മയും പാര്‍ട്ടിക്കുവേണ്ടി പരക്കം പായുന്ന ചേട്ടനുമുള്ള വീട്ടില്‍ ആശ്വാസം അഞ്ഞ്‌ജലിയുടെ കൂട്ട്‌ മാത്രമായിരുന്നു. വൈകുന്നേരങ്ങളില്‍ അവളുടെ വീട്ടിലിരുന്ന്‌ അവളുടെ കുടുംബവുമായി സമയം പങ്കിടുക എന്റെ പതിവായിരുന്നു. പച്ചപുതപ്പണിഞ്ഞ പാടവരമ്പിലെ ചെടികളെ പാവാടത്തുമ്പുകൊണ്ടു തലോടി അവളുടെ വീട്ടിലേയ്ക്കുള്ള യാത്ര..... ക്ലാവു പിടിച്ചുവെന്നു കരുതുന്ന, ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ അവളെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി...
അന്ന്‌ അഞ്ഞ്‌ജലി കോളേജിലേക്കു വന്നിരുന്നില്ല. തനിച്ചായിരുന്നു അവളുടെ വീട്ടിലേയ്ക്കു കയറിച്ചെന്നത്‌. ഇറയത്ത്‌ കസേരയില്‍ ഒരാള്‍ ഇരിക്കുന്നു. ഒരു പുഞ്ചിരി സമ്മാനിച്ചു കടന്നു പോകവേ കണ്ണുകള്‍ അയാളില്‍ നിന്നു തിരിച്ചു വരാന്‍ മടികാണിക്കുന്നത്‌ ഞാനറിഞ്ഞു. ഏട്ടന്റെ കൂട്ടുകാരനാ.... അവള്‍ പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ആ കണ്ണുകള്‍ തന്നെ പിന്‍തുടരുന്നു.....
വിവാഹാലോചനയുമായി വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അത്‌ഭുതപ്പെട്ടില്ല.ദൈവങ്ങളോട്‌ ഒരുപാട്‌ പ്രാര്‍ഥിച്ചു. കല്യാണം നടക്കാന്‍... നന്ദേട്ടനെ എനിക്കു കിട്ടാന്‍.... ദൈവങ്ങള്‍ എന്റെ ആ പ്രാര്‍ഥന ചെവിക്കൊണ്ടു. പിന്നീടുള്ള ജീവിതം സ്വര്‍ഗ്ഗതുല്യമായിരുന്നു.... ഒരു യാത്രാവേളയില്‍ നന്ദേട്ടന്റെ കാലിടറി കൈകളിലൂടെ ആ ഭാരം ഞാനറിയുന്നതുവരെ.... മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ള സ്വര്‍ഗം...
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതവളറിഞ്ഞു. ആ ഓര്‍മ്മകളില്‍ നിന്നു പിന്‍തിരിയാന്‍ ശ്രമിക്കുന്തോറും അവ വീണ്ടും വീണ്ടും നിറം വച്ചു വരുന്നതായി അവള്‍ക്കു തോന്നി.
തന്റെ കൈകള്‍ കൂട്ടിപ്പിടിച്ച്‌, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി, വര്‍ഷങ്ങള്‍ക്കു മുമ്പേ വില പറഞ്ഞുവെച്ച ഒരു ജീവന്‍ മാത്രമായിരുന്നു തന്റേതെന്ന്‌ നന്ദേട്ടന്‍ പറഞ്ഞപ്പോള്‍ കരയുകയായിരുന്നില്ല ഒരു മരവിപ്പുമാത്രമായിരുന്നു കുറച്ചു നേരത്തേയ്ക്ക്‌.... എന്നെ ശപിക്കല്ലേ..... എന്ന്‌ കരഞ്ഞു കൊണ്ടു പറയുമ്പോള്‍ നിലയ്ക്കാന്‍ ശ്രമിക്കുന്ന ആ ഹൃദയത്തോട്‌ ഒന്നു കൂടി ചേര്‍ന്നു കിടന്ന്‌ കരയാന്‍ മാത്രമേ എനിക്കായുള്ളൂ.....ശപിച്ചില്ല.... വെറുത്തില്ല.....
എനിക്ക്‌ പറയാനുള്ളത്‌ മുഴുവന്‍ കേള്‍ക്കാതെ.... എന്നെ ജീവിതക്കടലില്‍ തനിച്ചാക്കി.... ഒരു തുഴ പോലും നല്‍കാതെ നന്ദേട്ടന്‍........ മാസങ്ങളുടെ ആയുസ്സു മാത്രമുള്ള ദാമ്പത്യം മാത്രം എനിക്കായി നല്‍കി, ഒന്നും പകരംവെയ്ക്കാതെ........ ഇരുട്ടിലേയ്ക്ക്‌.....
അവള്‍ വിതുമ്പിക്കരഞ്ഞു. ചുറ്റുമുള്ള യാത്രക്കാരെപോലും ഓര്‍ക്കാതെ.....
കുട്ടിക്കാലത്ത്‌ സ്ലേറ്റില്‍ വരയ്ക്കാറുള്ള ചിത്രങ്ങള്‍ അവള്‍ ഓര്‍ത്തു. എത്ര പെട്ടന്ന്‌ അവ മായ്ക്കാറൂണ്ട്‌ അതുപോലെ മായ്ച്ചു കളയാവുന്നതായിരുന്നെങ്കില്‍ തന്റെ ഈ ഓര്‍മ്മകളെന്ന്‌ അവള്‍ ആഗ്രഹിച്ചു.
അരിച്ചെത്തുന്ന തണുത്ത കാറ്റില്‍ അനുസരണയില്ലാതെ പാറിപ്പറക്കുന്ന നര പടര്‍ന്നു തുടങ്ങിയ മുടിയെ മാടിയൊതുക്കി കണ്ണുകള്‍ ഇറുക്കി അടച്ച്‌ ഓര്‍മ്മകളെ ഇരുട്ടുകൊണ്ട്‌ സ്വയം മൂടി, തല ചായ്ച്ച്‌ അവള്‍ കിടന്നു....ഈ യാത്രയുടെ അന്ത്യമറിയാതെ

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

കാഴ്ചക്ക് പിടി കൊടുക്കാതെ അതിവേഗത്തില്‍ കറങ്ങുന്ന മൂന്നു ലീഫുകള്‍. മലര്‍ന്നുള്ള ഈ കിടപ്പില്‍ മാസങ്ങളായി ഇത് തന്നെ കാഴ്ച. ഒന്നിന് പിറകെ മറ്റൊന്നായി അതങ്ങനെ തിരിയുന്നുണ്ടെങ്കിലും തന്‍റെ ജീവിതം പോലെ തന്നെ അവയുടെ ഗമനം വെറും വ്യര്‍ത്ഥമാണെന്ന് അയാള്‍ക്ക്‌ തോന്നി. കാറ്റ് താഴോട്ട് വരുന്നുണ്ടെങ്കിലും മനസിലെ പൊരിയുന്ന ചൂടില്‍ അതെല്ലാം ചുടുകാറ്റായി പരിണമിക്കുന്നു. കാറ്റിന്‍റെ വേഗതയിലും ഒരു സര്‍ക്കസുകാരന്‍റെ സാമര്‍ത്ഥ്യത്തോടെ ബാലന്‍സ് ചെയ്ത് മൂളിപ്പറക്കുന്ന കൊതുകുകള്‍. അവ പൊഴിക്കുന്ന സംഗീതം അസഹ്യമായീ തോന്നുന്നു. എത്ര നാളായി ആശുപത്രിക്കിടക്കയിലെ ഈ മലര്‍ന്നു കിടപ്പ് തുടങ്ങിയിട്ട്. ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമോ? ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നു. ഇനി ദിവസങ്ങള്‍ക്കുള്ളിലറിയാം തന്‍റെ വഴി മരണത്തിലേക്കോ അതോ തിരിച്ചു ജീവിതത്തിന്‍റെ മനം മയക്കുന്ന പുതുപുലരിയിലേക്കോ എന്ന്.

രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്നറിയാന്‍ വളരെ വൈകിപ്പോയിരുന്നു. പക്ഷെ അതിലേറെ വൈകിയത് പ്രണയത്തിലെ കപടമായ അല്‍പത്വവും മാതൃസ്നേഹത്തിലെ സ്വര്‍ഗീയവും ശാശ്വതവുമായ ആത്മാര്‍ത്ഥതയും മനസ്സിലാക്കാനായിരുന്നു. പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം. കൊടും പാപങ്ങള്‍ പോലും ആ മാസ്മര തേജസ്സില്‍ അലിഞ്ഞില്ലാതാകുന്നു. അടുത്ത ബെഡില്‍ കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കുകയല്ലാതെ ഒരു വാക്കുരിയാടാന്‍ പോലും കഴിയുന്നില്ല. ആ മുഖത്ത് നിരാശയുടെയോ നഷ്ടബോധത്തിന്‍റെയോ കണിക പോലുമില്ല. തന്‍റെ ശരീരത്തിലെ വളരെ വിലപ്പെട്ട ഒരു അവയവം ദാനം ചെയ്തതിന്‍റെ ഒരു ലാഞ്ചന പോലുമില്ല. പ്രണയത്തിന്‍റെ പൊയ്മുഖത്തോടെ തലയണ മന്ത്രങ്ങളില്‍ തന്നെ വീഴ്ത്തിയ ഭാര്യയെന്ന ആ ദുഷ്ട എത്ര തവണയാണ് സ്നേഹനിധിയായ തന്‍റെ ഈ മാതാവിനെ രാക്ഷസിയെന്ന് വിശേഷിപ്പിച്ചത്‌. കോരിത്തരിപ്പിക്കുന്ന അവളുടെ സ്നേഹ ലാളനകളില്‍ താനും തെറ്റിദ്ധരിച്ചു പോകുകയായിരുന്നില്ലേ. വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ട് പോലും തന്‍റെ രോഗാവസ്ഥയില്‍ ആ മാതൃഹൃദയം തേങ്ങുകയായിരുന്നു. എല്ലാം മറന്ന് അവര്‍ ഓടിയെത്തി. തന്‍റെ സകല തെറ്റുകള്‍ക്കും ഒരു കൊച്ചു കുഞ്ഞിന്റെ കുസൃതിയെന്ന പോലെ മാപ്പ് നല്‍കി. സ്നേഹത്തിന്‍റെ നിറകുടമാണെന്നും എന്നും തന്‍റെ വലം കൈ ആയിരിക്കുമെന്നും കരുതിയ ഭാര്യയോ? കിഡ്നി രണ്ടും പോക്കാണെന്നറിഞ്ഞപ്പോള്‍ വിശ്വസ്തതയോടെ അവളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളും കൈക്കലാക്കി മറ്റൊരുത്തന്‍റെ കൂടെ സുഖം തേടിപ്പോകുകയുമായിരുന്നു.

മുളങ്കൂട്ടങ്ങള്‍.

സ്വര്‍ണനിറത്തില്‍ കതിര്‍ക്കുലകളുമായി കുമ്പിട്ടുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. കോഴിക്കോട്-കൊളൈഗല്‍ ദേശീയപാത 212-ല്‍ സഞ്ചരിക്കുന്നവര്‍ക്ക് മുത്തങ്ങ മുതല്‍ കര്‍ണാടക അതിര്‍ത്തി വരെ കാണാം. വയനാട് വന്യജീവി സങ്കേതത്തില്‍ പരക്കെയുള്ള കാഴ്ചയാണിത്.. ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ മുള പുഷ്പിക്കൂ. വംശം നിലനിര്‍ത്താന്‍ കോടിക്കണക്കിനു വിത്തുകള്‍ നല്‍കി ജീവിതാന്ത്യത്തില്‍ പൂവിട്ട് വിടപറയുകയാണ് വയനാട്ടില്‍ ഒരു തലമുറ മുളങ്കാടുകള്‍. കുലത്തിന്റെ നിലനില്പിനായി ഓരോ മുളന്തണ്ടും ആയിരക്കണക്കിന് വിത്തുകള്‍ ഭൂമിയില്‍ വിതറി ജീവന്‍ വെടിയും.

മനുഷ്യനും വന്യമൃഗങ്ങള്‍ക്കും സഹായിയായ സസ്യങ്ങളിലൊന്നാണിത്. ഇംഗ്ലീഷില്‍ തോണി ബാംബുവെന്നും വ്യവഹാരനാമത്തില്‍ ബാംബു എന്നും അറിയപ്പെടുന്ന മുളയാണ് നമ്മുടെ കാടുകളില്‍ വ്യാപകമായി കണ്ടുവരുന്നത്. ബാംബൂസ ബാംബോസാണ് ശാസ്ത്രനാമം.
കേരളത്തില്‍ വ്യാപകമായി കാണുന്ന ഈ സസ്യം ഇന്ത്യയില്‍ മിക്കയിടത്തുമുണ്ട്. ആയിരം മീറ്റര്‍ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമി ഇതിന് യോജിച്ചതാണ്.

മഴക്കാലത്ത് മൂലകാണ്ഡത്തില്‍നിന്ന് പുതിയ മുകുളങ്ങള്‍ ധാരാളമുണ്ടാകും. നാലഞ്ചു മാസംകൊണ്ട് അവ പൂര്‍ണവളര്‍ച്ചയെത്തും. പിന്നീടാണ് ശാഖകളും ഇലകളും ഉണ്ടാകുന്നത്. ഒരു നല്ല മുളയ്ക്ക് 80 മീറ്റര്‍ വരെ നീളവും 100 കിലോവരെ ഭാരവും കാണും. ചുവട്ടിലെ മുട്ടിടയ്ക്ക് 40 സെന്‍റിമീറ്റര്‍ ചുറ്റളവും ഉണ്ടാകും.

മുള ഏകപുഷ്പിയാണ്. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും ഒന്നിച്ചു പൂക്കാറുണ്ട്. വിത്തു വിളഞ്ഞാല്‍ എല്ലാം കടയോടെ നശിക്കും. ആയുസ്സില്‍ ഒരിക്കലേ പുഷ്പിക്കൂ. മുപ്പതു മുതല്‍ നാല്പതു വര്‍ഷം വരെ കൂടുമ്പോഴാണ് പൂക്കുക. ഈര്‍പ്പം കുറഞ്ഞ സ്ഥലത്തെ മുള 30 വയസ്സു കഴിഞ്ഞാല്‍ പൂക്കാന്‍ തുടങ്ങും. നനവുള്ള ഭൂമിയില്‍ വളരുന്നവ 40 വര്‍ഷം വരെ പൂക്കാതെ നിന്നെന്നു വരാം. പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞ് നഗ്‌നശാഖകളിലെല്ലാം പൂക്കളുണ്ടാകും.

പൂവ് ചെറുതാണ്. ഇളംപച്ച നിറം. മുളയരി നെന്മണിപോലാണ്. മുള പൂക്കുന്നതിനു രണ്ടുവര്‍ഷം മുമ്പ് മൂലകാണ്ഡത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഇക്കാലത്ത് പുതു മുളകള്‍ ഉണ്ടാകില്ല. പൂത്ത മുളയ്ക്ക് ഉറപ്പു വളരെ കുറവായിരിക്കും. വിത്തു മുളച്ച് പുതിയ തൈകള്‍ ഉണ്ടായി വെട്ടാന്‍ പറ്റിയ കള്‍മുകളാകാന്‍ മൂന്നുനാലു വര്‍ഷം വേണ്ടിവരും.

ആദിവാസികളും പുറത്തുനിന്നുള്ളവരും കാട്ടിലെത്തി വ്യാപകമായി മുളയരി ശേഖരിക്കും. മൂത്തു കൊഴിയാന്‍ തുടങ്ങുന്നതോടെ മുളങ്കൂട്ടത്തിന് ചുറ്റുമുള്ള കരിയിലയും മറ്റും തൂത്തുവാരി വൃത്തിയാക്കിയിടും. കൊഴിഞ്ഞുവീഴുന്ന മുളനെന്മണി വാരി പാറ്റിയെടുത്ത് പച്ചയ്ക്ക് കുത്തിയാണ് അരിയെടുക്കുന്നത്. ആദിവാസി വനിതകള്‍ തൊഴില്‍പോലും ഉപേക്ഷിച്ച് രാവിലെത്തന്നെ കാട്ടിലെത്തും. പണ്ടുകാലത്ത് മുളയരി പ്രധാന ആഹാരംതന്നെയായിരുന്നു. ഗിരിവര്‍ഗക്കാരില്‍ കാട്ടുനായ്ക്കരും പണിയരും ഊരാളിമാരും കുറുമരുമെല്ലാം മുളയരി ഭക്ഷ്യാവശ്യത്തിനായി ശേഖരിക്കും. മുള പൂക്കാന്‍ തുടങ്ങിയാല്‍ നാലുമാസംകൊണ്ട് പൂത്ത് വിളവെടുപ്പ് പൂര്‍ത്തിയാകും. മഴക്കാലത്തിനുമുമ്പ് വിളവെടുപ്പ് കഴിയും.

മുളയരി ചോറിനും കഞ്ഞിക്കും ഉപയോഗിക്കാറുണ്ട്. . പലഹാരത്തിന് നല്ലതാണ്, പ്രത്യേകിച്ച് പുട്ട് നല്ല രുചിയാണ്. മുളയരിക്ക് ചൂട് കൂടുതലാണ്. ഔഷധഗുണമുള്ളതാണ് മുളയുടെ പല ഭാഗങ്ങളും. ആയുര്‍വേദം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ മുളയുടെ ഇളംതണ്ടും കൂമ്പും കറിവെക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അരിഞ്ഞ് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞശേഷമാണ് ഉപയോഗിക്കുന്നത്.

ഏതാനും വര്‍ഷം മുമ്പ് മുള വ്യാപകമായി പൂത്തപ്പോള്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്ന കല്ലൂരിലെ ഗിരിജന്‍ സൊസൈറ്റി ആദിവാസികളില്‍നിന്ന് മുളയരി വാങ്ങി അരിയാക്കി വിറ്റിരുന്നു. സ്വകാര്യ കച്ചവടക്കാര്‍ വിറ്റതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് സംഘം വിറ്റിരുന്നത്

മനുഷ്യര്‍ ഇത് വ്യാപകമായി വാരിയെടുക്കുന്നത് മുളയ്ക്ക് ഭീഷണിയാണ്. കാട്ടുതീയും മലവെള്ളപ്പാച്ചിലും വിത്തുകളെ നശിപ്പിക്കും. ഇതിനെല്ലാം പുറമേ ഒരുതരം വണ്ടുകളുടെ ആക്രമണ വും മുളയരിക്ക് ഭീഷണിയാണ്.

വയനാട്ടിലെ മുളകള്‍ നിര്‍ബാധം വനംവകുപ്പ് വ്യവസായ സ്ഥാപനങ്ങള്‍ക്കായി വിറ്റുകൊണ്ടിരിക്കുകയാണ്. ഇത് കാട്ടാനയുടെ ഏറ്റവും പ്രിയഭക്ഷണമാണ് നഷ്ടമാക്കുന്നത്. കാട്ടാനകളുടെ ആവാസമേഖലയിലേതുപോലും മുറിച്ചുമാറ്റുന്നുണ്ട്. പൂക്കാനാകുന്നതുവരെയെങ്കിലും ഇതു നിലനിര്‍ത്തേണ്ടത് വന്യജീവികള്‍ക്കും പുതിയ തൈകള്‍ മുളച്ചുവരാനും ആവശ്യമാണ്.
വേനല്‍ക്കാലങ്ങളില്‍ കാട്ടില്‍ അവശേഷിക്കുന്ന ഭക്ഷണം മുളയാണ്. വ്യവസായശാലകള്‍ക്കുവേണ്ടിയുള്ള വ്യാപകമായ മുറിക്കലും പൂക്കുന്നതും തീറ്റകിട്ടാതെ കാട്ടാനകള്‍ വ്യാപകമായി നാട്ടിലിറങ്ങാന്‍ കാരണമാകും. ഇതിനെല്ലാം പുറമേ നിബിഡവനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് വ്യവസായങ്ങള്‍ക്കുവേണ്ടി യൂക്കാലിപ്റ്റസും നട്ടുപിടിപ്പിച്ചു. ഇതുണ്ടാക്കിയ പാരിസ്ഥികപ്രശ്‌നവും വലുതായിരുന്നു. ചതുപ്പുകള്‍ ഇല്ലാതാക്കി. വന്യജീവികള്‍ക്ക് ആഹാരമാക്കാവുന്ന ഒരു സസ്യംപോലും യൂക്കാലിപ്റ്റസ് നട്ടുവളര്‍ത്തിയ മേഖലയില്‍ ഉണ്ടാകുന്നില്ല.

ചോരയിറ്റുന്ന കഠാര


വര്‍ഷങ്ങള്‍ നീണ്ട ത്യാഗപൂര്‍ണമായ പ്രണയത്തിനൊടുവില്‍ പ്രാണപ്രിയനെ സ്വന്തമാക്കിയപ്പോള്‍ ലോകം കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു. മതി മറന്നുള്ള ആഹ്ലാദത്തിമര്‍പ്പ്. പ്രണയ കാലത്ത് തന്നെ ഹൃദയങ്ങള്‍ ഒന്നായിരുന്നു. വിവാഹശേഷം ഹൃദയങ്ങള്‍ക്ക് മാത്രമല്ല ശരീരങ്ങള്‍ക്കും വെറും നിമിഷങ്ങളുടെ വേര്‍പാട് പോലും അസഹ്യമായി. ലോകം മുഴുക്കെ ഒരു പൂങ്കാവനമായി രൂപാന്തരം വന്നതു പോലെ. മഴയുടെ കുളിരും വെയിലിന്‍റെ സുവര്‍ണ ശോഭയും നിലാവിന്‍റെ പ്രണയാതുരതയുമെല്ലാം മധുവിധുവിന്‍റെ മാസ്മരികതയില്‍ ഒരു മായികവസന്തമായി തോന്നി. ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം സ്വര്‍ഗ്ഗത്തില്‍ ഒരു കട്ടുറുമ്പ് ഇപ്പോള്‍ തന്നെ വേണ്ടെന്ന പ്രിയതമന്‍റെ ആശ മൂലം തല്‍ക്കാലം അസ്ഥാനത്തായി. എങ്കിലും ചില ദുര്‍ബല നിമിഷങ്ങളിലെ വികാര തീവ്രതക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്‍റെ മാനസിക നിയന്ത്രണം എന്നെ അപ്രതീക്ഷിതമായി ഗര്‍ഭിണിയാക്കി.


സ്വര്‍ഗീയ സുഖത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നഷ്ടപ്പെട്ടേക്കുമെന്ന ഉത്കണ്‍ഠയില്‍ ഒരു നിമിഷം ഞങ്ങള്‍ അന്ധരായി. ലോകത്തോടാകെ അരിശം. ഒരു ഗര്‍ഭ കാലവും പ്രസവവും തീര്‍ച്ചയായും ഈ സ്വര്‍ഗീയത തകിടം മറിക്കും. ഒന്നും ആലോചിക്കാനില്ല. നേരെ ആശുപത്രിയിലേക്ക്. കുടുംബ സുഹൃത്തായ ഡോക്ടര്‍ വിസമ്മതം പറഞ്ഞപ്പോള്‍ വലിയൊരു തുകക്കുള്ള ഇടപാടില്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു. മധുവിധു പകര്‍ന്നു തരുന്ന അനുഭൂതി കുറച്ചു നാളത്തേക്കു കൂടി ആലോസരമില്ലാതെ ആസ്വദിക്കാന്‍ ചെയ്യുന്ന ക്രൂര കൃത്യത്തിന്‍റെ ആഴം ഒട്ടുമാലോചിക്കാതെത്തന്നെ പിറക്കാനിരുന്ന പൊന്നോമനയുടെ കഴുത്തില്‍ ഞങ്ങള്‍ കത്തി വെച്ചു.


കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പല്ല് മുളക്കാതെ തൊണ്ണ് കാട്ടിച്ചിരിക്കുന്ന പിഞ്ചു പൈതലിന്‍റെ മുഖമാണ് കണ്ണടക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്നത്. നെഞ്ചില്‍ അണകെട്ടി നിര്‍ത്തിയ മാതൃസ്നേഹം പൊട്ടിയൊഴുകാന്‍ വെമ്പി അടുത്ത് ചെല്ലുമ്പോഴേക്കും പക്ഷെ നിഷ്കളങ്കമായ ആ ചിരി ചോരയിറ്റുന്ന കഠാര കണ്ട ഒരു അറവുമാടിന്‍റെ പേടിച്ചരണ്ട ദയനീയനോട്ടമായി പരിണമിക്കുകയും ചെയ്യുന്നു.

കരളേ, വിസ്മയങ്ങളുടെ പറുദീസയായ ഈ ലോകത്ത്‌ ഒന്ന് പിറക്കാന്‍ പോലും അവസരം തരാതെ നിന്നെ അറുകൊല ചെയ്ത ഒരു മാതാവല്ലേ ഞാന്‍! അന്ന് ആ ശ്രമത്തിനിടയില്‍ ഗര്‍ഭപാത്രം നശിച്ചു പോയത് കൊണ്ട് ‌ഏകാന്തതയുടെയും അവഗണനയുടെയും നരകക്കടല്‍ നീന്തിക്കടന്നു ഞാനിന്ന് വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. നിന്നെ കൊലക്ക്‌ കൊടുത്തതിനു പകരമായി ഞാന്‍ സഹിച്ചതോര്‍ത്തെങ്കിലും ഈ പാപിക്ക് നീ മാപ്പ് തരില്ലേ!

വിശ്വദര്‍ശനത്തിലേക്ക്‌



കവിത അകവെളിച്ചത്തിന്റെ അടയാളമാണ്‌. ജീവധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചം ചേര്‍ന്നുനില്‍ക്കുന്ന ഒരു കവി മലയാളത്തിലുണ്ട്‌ - മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്‌. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ്‌ . മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ്‌ അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുക്കുന്നത്‌.

ഇത്തിരി ചുവപ്പും അതിലേറെ പച്ചപ്പും അതിലേറെ മോഹഭംഗവും. എല്ലാറ്റിനുമുപരി മാനവീയതയുടെ ഹംസധ്വനിയുമാണ്‌ അബ്ദുറഹ്മാന്‍ മലയാളി മനസ്സിലേക്ക്‌ എഴുതിച്ചേര്‍ക്കുന്നത്‌. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും കാവ്യപഥത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുതിര്‍ത്ത ദശാസന്ധിയിലാണ്‌. ``നീലക്കണ്ണുകളുടെ'' ദ്യുതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്‌. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയുടെ സ്വപ്‌നവും കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യ ദു;ഖങ്ങളുടെ പച്ചത്തുരുത്തില്‍ നിന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക-രാഷ്‌ട്രീയസംഭവങ്ങളും ഈ കവിയുടെ വരികളില്‍ കൂടുവച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളില്‍ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരി കാത്തിരുന്ന കവി. തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തുപാടാനും മറന്നില്ല.

`കവിയും സുഹൃത്തും' - എന്ന രചനയില്‍ സര്‍ഗ്ഗാത്മകതയുടെ ഉണ്മ തിരയുന്നവരുടെ ചിത്രമുണ്ട്‌. ``ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും എഴുതിച്ചേര്‍ക്കുകയാണ്‌ കവിതകളില്‍ പല വിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്‌. മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും കവിതയിലുണ്ട്‌. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം നമ്മുടെ ഹൃദയത്തില്‍ വരച്ചിടുകയാണ്‌ അബ്ദുറഹ്മാന്‍ അര്‍ത്ഥഗരിമായര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ്‌ ഈ കവിയുടെ രചനകളില്‍ സദാജാഗരൂകമായി അനുവാചകനെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന നിരവധി ബൈബിള്‍ ബിംബങ്ങള്‍ രചനകളില്‍ ഉപയോഗപ്പെടുത്തുന്ന
എഴുത്തിന്റെ വഴിയില്‍ ഈ കവിയുടെ പാഥേയം വിശ്വസംസ്‌കൃതിതന്നെ.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗത ജന്മം കവിതാതട്ടകത്തിലുണ്ട്‌. ആത്മവേദനയില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുസുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ്‌ മനുഷ്യജീവിതമെന്ന കാവ്യ കാഴ്‌ച പോലുള്ള കൃതികള്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു. ഭൂമിയുടെ ഉപ്പും മൃഗയയും ഭൈരവന്റെ തുടിയും അപരാഹ്നവും സ്‌നേഹിച്ചുതീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത്‌ ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്‌. അതിന്റെ വൈതരണിയും വൈവിധ്യവുമാണ്‌ കാവ്യലോകത്തു നിന്നു മലയാളി കേട്ടുകൊണ്ടിരിക്കുന്നത്‌.``എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-ന്നെങ്ങോ പതുങ്ങി-ക്കിടക്കും ഭുജംഗമേ''-എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു.

എങ്കിലും-``എന്റെ മകുടിയി-ലൂടെ മൃത്യുഞ്‌ജയ-മന്ത്രമായ്‌ത്തീരുന്നുഞാനുമെന്‍ ഗാനവും''-ആത്മവിശ്വാസത്തിന്റെ തുടിപ്പും പുലര്‍ത്തുന്നു. കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത്‌ വാക്കിന്റെ അഗ്നികടഞ്ഞെടുത്ത കാവ്യങ്ങളിലൂടെയാണ്‌. കൃതികള്‍ വായനക്കാരുടെ ഉള്ളുപൊള്ളിക്കുന്നതും ഇളംതെന്നലിന്റെ തലോടല്‍പോലെ സ്‌പര്‍ശിക്കുന്നതും കവിതയുടെ ധ്വനിച്ചുനില്‍പ്പുകൊണ്ടാണ്‌.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒരു നിത്യകാമുകന്‍ അബ്ദുറഹ്മാന്റെ മനമെഴുത്തിലുണ്ട്‌. തപിച്ചും തളര്‍ന്നും നാട്ടുവഴിയിലും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായിച്ചെടുക്കുകയാണ്‌ അയാള്‍.``നിര്‍ത്താതെ നി്രദയുമില്ലാതെ, മാത്രകള്‍തെറ്റാതെ,യെത്രയോ കാലമായിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു.'' - ഈ പ്രകീര്‍ത്തനങ്ങള്‍ കവിതയുടെ വെണ്‍വെളിച്ചമാണ്‌.

പൊന്നാട തെറുത്തേറ്റി പോകാനൊരുങ്ങുന്ന പകലിനെയും, കൊക്കും പിളര്‍ത്തി അടുക്കുന്ന കഴുകുകള്‍ ശുദ്ധവായു വില്‍ക്കുന്നതും കവി കണ്ടെടുക്കുന്നുണ്ട്‌. ജന്മഗേഹത്തിലേക്കുള്ള വഴിതേടുന്ന പ്രവാസിയുടെ മൗനദു:ഖവും അറിയുന്നു. വിശ്വദര്‍ശനത്തിലേക്ക്‌ ഉറ്റുനോക്കുന്ന കവിക്ക്‌ കാളിദാസനും യവനദേശവും ചിത്രകലയും സംഗീതവും ക്രിസ്‌തുവും കൃഷ്‌ണനും ബുദ്ധനും മുഹമ്മദും മാര്‍ക്‌സുമെല്ലാം ജീവിതത്തിന്റെ പാഥേയമാണ്‌. അമാവാസിക്ക്‌ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറുപോലെ ഏതു സങ്കടക്കടലില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്‌, കൈത്താങ്ങായി മാര്‍ഗുന്നത്കവിത തന്നെയാണ്‌. മലയാളത്തിന്റെ സുകൃതവും അഗ്നിസ്‌പര്‍ശമാര്‍ന്ന കവനകലയുടെ സജീവസാന്നിദ്ധ്യവുമാണ്‌ ഈ കാവ്യപഥികന്‍. കവിതയുടെ പാലാഴി തീര്‍ത്ത്‌ വാക്കിന്റെ അമരമധുരം നേദിക്കുന്ന കവിതയുടെ ഉള്‍ക്കരുത്ത്‌.ഹൃദയം പാടുന്നു രാഗാര്‍ദ്രമായ്‌
മലയാളകവിതയില്‍ ഏറ്റവും മുഴക്കമുള്ള ശബ്‌ദമാണ്‌

തീര്‍ഥയാത്ര



തീര്‍ഥയാത്ര പോയ കഥയുടെ രാജകുമാരി... അക്ഷരത്തിളക്കത്തിലൂടെ സര്‍ഗചേതനയുടെ ചക്രവാളങ്ങള്‍ കീഴടക്കിയ ബുഷ്രറയ്ക്ക് എടത്തനാട്ടുകരയുടെ സ്നേഹപ്രണാമം കബറടക്കം ശനിയാഴ്ച രാവിലെ 1130ന്എടത്തനാട്ടുകര ജുമാമസ്ജിദില്‍ കണ്ണീരും തേങ്ങലും നിറഞ്ഞ വിലാപയാത്രയോടെ നടന്നു പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ബുഷ്രറയിലെക്ക് എന്നെ ആകര്‍ഷിച്ചത്. ആ സ്വഭാവവിശേഷത ബുഷ്രറ മരണംവരെ കാത്തുസൂക്ഷിച്ചിരുന്നു. ഏവരോടും ഒരു സ്ത്രീയില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണവും അതുതന്നെയാണ് കേവലം ഏഴു മാസമേ ബുഷ്രറയ്ക്ക് ജീവിതത്തിന്റെ വസന്തഋതുവില്‍ ദേശാടനപ്പക്ഷികളെപ്പോലെ അവള്‍ എന്റെ ജീവിതത്തിലേകു വന്നു...
സംസ്‌കാരത്തിന്റെ മിടിപ്പുകളുംസൗന്ദര്യത്തിന്റെ തുരുത്തുകളും തേടി ചുരുങ്ങിയ കാലംകൊണ്ടുതന്നെ എഴുപതുവര്‍ഷംജീവിച്ച അനുഭൂദിയു൦മായി അവള്‍ ഈലോകത്തോട് യാത്രപറഞു ...... തിരശ്ശീലക്കപ്പുറത്ത` രണ്ടു നിഴലുകളായിരുന്നു നമ്മൾ.
മങ്ങിയ വെളിച്ചത്തിൽ നാടകമാടിയവർ.
വേനലും വർഷവും സ്പർശിക്കാത്ത,
ഗന്ധമില്ലാത്ത പൂക്കളും,
ശബ്ദമില്ലാത്ത സംഗീതവും നിറഞ്ഞ
ഈ പ്രണയത്തിന്റെ തിരശ്ശീലയിൽ
നമ്മളെന്നേ പരസ്പരം നഷ്ടപ്പെടുത്തിയവർ.

ഇരിപ്പിടങ്ങളൊഴിഞ്ഞു തുടങ്ങി..
ഇനിയീ ചരടുകളഴിഞ്ഞു തീരുംമുൻപെ,
ബാക്കിയാവുന്നത` നിന്റെ യാത്രാമൊഴി..

പറന്നുപോകുന്ന ഒരു നാഴികനേരത്തേക്ക്
നിന്റെ പ്രേമത്തിന്റെ പ്രതിബിംബത്തില്‍
കുടികൊള്ളാനാണോ ഞാ൯ പിറന്നത്?...

നെറുകയിൽ ഒരു ചുംബനം കൊണ്ട്;
ഇനി നീയെന്റെ മരണത്തെ അടയാളപ്പെടുത്തുക.

മഴക്കുമുൻപെ തൂവലുകൽ പൊഴിച്ച്‌ പറന്നുപോവുന്ന പക്ഷികളായിരുന്നു ഒരിയ്ക്കല്‍ സ്വപ്നങ്ങളില്‍ നിറയെ. പക്ഷെ അവളുടെ കണ്ണുകൾ നീലയുടെ ജലമൌനങ്ങളായി എന്റെ സ്വപ്നങ്ങളെ പിന്തുടർന്നു, അവയെന്റെ ആകാശങ്ങളിൽ ഒഴുക്കു നഷ്ടപ്പെട്ട ഒരു കടലായുദിച്ചു. പിന്നീട്‌, കടലാവേശിച്ചു തുടങ്ങിയിരുന്ന ഓർമ്മകളുടെ നനഞ്ഞ മണ്ണില്‍ നിന്നാണു ഞാനാ തൂവലുകളൊക്കെയും പെറുക്കിയെടുക്കാന്‍ തുടങ്ങിയത്‌. എല്ലാ തൂവലുകളും ചേര്‍ത്തു വച്ചാലൊരുപക്ഷെ, എന്റെ പക്ഷിയ്ക്കു പറക്കാനൊരു ചിറകു കിട്ടിയേയ്ക്കുമെന്ന് ഞാന്‍ വെറുതേ മോഹിക്കുന്നു...വരികള്‍ക്കിടയിലൂടെ ഊര്‍ന്ന് പോയൊരു വാക്ക് മൌനത്തിന് മുന്‍പേ അവളുടെ നെഞ്ചില്‍ തറചിരിക്കണം... കാറ്റില്‍ കാലത്തിന്റെ തണുപ്പ് പതിയും മുന്‍പേ അവള്‍ പറന്നുപോയി. ഈ മുറിവുകളുടെ സങ്കീര്‍ത്തനം ഇനിയെന്റെ സ്വപ്നാടനങ്ങളുടെ പാഥേയം.ഞാന്‍ ആദ്യമായി ഇന്നു നിന്നൊടു സംസാരിചു. ഇടയിലെപ്പൊളൊ നീ പറഞ്ഞു, ചിലപ്പെ്പ്പാള്‍ വാക്കുകള്‍ക്കു പൂക്കളെക്കാള്‍ ചന്തമുണ്ടെന്ന്.. നീ യാത്ര പറയുമ്പൊള്‍, പൂക്കള്‍ ശലബങ്ങളായി മാറി പറന്നു തുടങ്ങുകയായിരുന്നു... ഞാന്‍ നിനക്ക് സമ്മാനിച്ച പൂക്കള്‍
അവയിപ്പോള്‍ മരിച്ചു കഴിഞ്ഞിരിക്കും
എങ്കിലും, ശലഭജന്മങ്ങളില്‍
അവ നിന്നെ ഓര്‍മപ്പെടുത്തികൊണ്ടേയിരിക്കും...
അണയാതെ നില്‍ക്കുന്ന ഒരൊറ്റ നക്ഷത്രത്തെക്കുറിച്ച്..എനിക്കിനി നിണ്റ്റെ ഒാര്‍മ്മകളുടെ തണുപ്പുകാലം .

ദിവ്യാനുരാഗത്തിന്റെ കഥാകാരിവിടപറഞ്ഞു


വെള്ളി,നവംബര്‍, 26, ദിവ്യാനുരാഗത്തിന്റെ കഥാകാരിവിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് അവളുടെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' ,ആ നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ബുഷ്രറക്ക് കണ്ണീര്‍പ്പൂവുകള്‍ പ്രണയിനിയുടെ വികാരതീഷ്ണത സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,അവളുടെ കര്‍മങ്ങളിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ ഞാന്‍ സദാചാരവിരുദ്ധയാനെന്നു വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി ബുഷ്രറ വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്‍ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച ബുഷ്രറക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവള്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...ഭൂമിയില്‍ നിന്നും
എന്നെന്നേക്കുമായി വിട ചൊല്ലി പുതുമഴയേറ്റ മണ്ണിന്റെ സുഗന്ധം വായുവില്‍ പടരുമ്പോള്‍ ഏഴ് മാസങ്ങളുടെ ഹ്രസ്വായുസ്സില്‍ മാത്രം പൂത്തുലയാന്‍ വിധിക്കപ്പെട്ട നീര്‍മ്മാതളം ഓര്‍മ്മയില്‍ ഉലയുന്നു എല്ലാ വായനക്കാര്‍ക്കും നന്ദി. എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി നിങ്ങള്‍ എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം