ചാറ്റല്‍ മഴ


പതിവിലേറെ ഇരുട്ടു വ്യാപിച്ചിരുന്നു.
അവള്‍ വാച്ചിലേക്കുനോക്കി സമയം ആറു മണി കഴിഞ്ഞിരിക്കുന്നു. തുലാമാസമായതിനാല്‍ വൈകുന്നേരങ്ങളില്‍ ആകാശം വെടിക്കെട്ടുകള്‍ നടത്തുകപതിവായിരുന്നു. അതുകൊണ്ടാവാം ഇരുട്ടു സമയത്തെ മറച്ചത്‌. ഈ സമയത്തുള്ള തന്റെ യാത്ര തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ എത്രയോ ആയെന്ന്‌ അവള്‍ ഓര്‍ത്തു. സൂര്യന്‍ മയങ്ങാനായി ചക്രവാളങ്ങളിലേക്കു മറയുന്നതും, മേഘങ്ങള്‍ ആകാശത്ത്‌ തീര്‍ത്ത വിചിത്ര രൂപങ്ങളേയുമൊക്കെ(ആനയുടേയും ഒട്ടകത്തിന്റേയുമൊക്കെ രൂപത്തില്‍ മേഘങ്ങളെ അവള്‍ കണ്ടിരുന്നു.) കണ്ടുകൊണ്ടുള്ള യാത്ര ഒരിക്കലും അവളെ മടുപ്പിച്ചിരുന്നില്ല. ചെറുതായി ചാറ്റല്‍ മഴ തുടങ്ങിയിരിക്കുന്നു. പുറത്തെ കാഴ്ച്ചകളെ മറച്ചുകൊണ്ട്‌ യാത്രക്കാര്‍ ഷറ്ററുകള്‍ താഴ്‌ത്തി. അവള്‍ സീറ്റിലേയ്ക്ക്‌ തല ചായ്ച്ചു കിടന്നു.
മുമ്പൊക്കെ യാത്രകളില്‍ കൂട്ടായി അഞ്ഞ്‌ജലി ഉണ്ടായിരുന്നു.കോളേജു ക്ലാസ്സുകളില്‍ അവളുടെ കൂട്ട്‌ തനിക്കേറെ ആശ്വാസമായിരുന്നു. സംസാരത്തില്‍ പിശുക്കുകാണിക്കുന്ന അച്ഛനും, പകലന്തിയോളം പണിയെടുത്ത്‌ തലചായ്ക്കാന്‍ ധൃതി കാണിക്കുന്ന അമ്മയും പാര്‍ട്ടിക്കുവേണ്ടി പരക്കം പായുന്ന ചേട്ടനുമുള്ള വീട്ടില്‍ ആശ്വാസം അഞ്ഞ്‌ജലിയുടെ കൂട്ട്‌ മാത്രമായിരുന്നു. വൈകുന്നേരങ്ങളില്‍ അവളുടെ വീട്ടിലിരുന്ന്‌ അവളുടെ കുടുംബവുമായി സമയം പങ്കിടുക എന്റെ പതിവായിരുന്നു. പച്ചപുതപ്പണിഞ്ഞ പാടവരമ്പിലെ ചെടികളെ പാവാടത്തുമ്പുകൊണ്ടു തലോടി അവളുടെ വീട്ടിലേയ്ക്കുള്ള യാത്ര..... ക്ലാവു പിടിച്ചുവെന്നു കരുതുന്ന, ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ അവളെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി...
അന്ന്‌ അഞ്ഞ്‌ജലി കോളേജിലേക്കു വന്നിരുന്നില്ല. തനിച്ചായിരുന്നു അവളുടെ വീട്ടിലേയ്ക്കു കയറിച്ചെന്നത്‌. ഇറയത്ത്‌ കസേരയില്‍ ഒരാള്‍ ഇരിക്കുന്നു. ഒരു പുഞ്ചിരി സമ്മാനിച്ചു കടന്നു പോകവേ കണ്ണുകള്‍ അയാളില്‍ നിന്നു തിരിച്ചു വരാന്‍ മടികാണിക്കുന്നത്‌ ഞാനറിഞ്ഞു. ഏട്ടന്റെ കൂട്ടുകാരനാ.... അവള്‍ പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ആ കണ്ണുകള്‍ തന്നെ പിന്‍തുടരുന്നു.....
വിവാഹാലോചനയുമായി വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അത്‌ഭുതപ്പെട്ടില്ല.ദൈവങ്ങളോട്‌ ഒരുപാട്‌ പ്രാര്‍ഥിച്ചു. കല്യാണം നടക്കാന്‍... നന്ദേട്ടനെ എനിക്കു കിട്ടാന്‍.... ദൈവങ്ങള്‍ എന്റെ ആ പ്രാര്‍ഥന ചെവിക്കൊണ്ടു. പിന്നീടുള്ള ജീവിതം സ്വര്‍ഗ്ഗതുല്യമായിരുന്നു.... ഒരു യാത്രാവേളയില്‍ നന്ദേട്ടന്റെ കാലിടറി കൈകളിലൂടെ ആ ഭാരം ഞാനറിയുന്നതുവരെ.... മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ള സ്വര്‍ഗം...
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതവളറിഞ്ഞു. ആ ഓര്‍മ്മകളില്‍ നിന്നു പിന്‍തിരിയാന്‍ ശ്രമിക്കുന്തോറും അവ വീണ്ടും വീണ്ടും നിറം വച്ചു വരുന്നതായി അവള്‍ക്കു തോന്നി.
തന്റെ കൈകള്‍ കൂട്ടിപ്പിടിച്ച്‌, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി, വര്‍ഷങ്ങള്‍ക്കു മുമ്പേ വില പറഞ്ഞുവെച്ച ഒരു ജീവന്‍ മാത്രമായിരുന്നു തന്റേതെന്ന്‌ നന്ദേട്ടന്‍ പറഞ്ഞപ്പോള്‍ കരയുകയായിരുന്നില്ല ഒരു മരവിപ്പുമാത്രമായിരുന്നു കുറച്ചു നേരത്തേയ്ക്ക്‌.... എന്നെ ശപിക്കല്ലേ..... എന്ന്‌ കരഞ്ഞു കൊണ്ടു പറയുമ്പോള്‍ നിലയ്ക്കാന്‍ ശ്രമിക്കുന്ന ആ ഹൃദയത്തോട്‌ ഒന്നു കൂടി ചേര്‍ന്നു കിടന്ന്‌ കരയാന്‍ മാത്രമേ എനിക്കായുള്ളൂ.....ശപിച്ചില്ല.... വെറുത്തില്ല.....
എനിക്ക്‌ പറയാനുള്ളത്‌ മുഴുവന്‍ കേള്‍ക്കാതെ.... എന്നെ ജീവിതക്കടലില്‍ തനിച്ചാക്കി.... ഒരു തുഴ പോലും നല്‍കാതെ നന്ദേട്ടന്‍........ മാസങ്ങളുടെ ആയുസ്സു മാത്രമുള്ള ദാമ്പത്യം മാത്രം എനിക്കായി നല്‍കി, ഒന്നും പകരംവെയ്ക്കാതെ........ ഇരുട്ടിലേയ്ക്ക്‌.....
അവള്‍ വിതുമ്പിക്കരഞ്ഞു. ചുറ്റുമുള്ള യാത്രക്കാരെപോലും ഓര്‍ക്കാതെ.....
കുട്ടിക്കാലത്ത്‌ സ്ലേറ്റില്‍ വരയ്ക്കാറുള്ള ചിത്രങ്ങള്‍ അവള്‍ ഓര്‍ത്തു. എത്ര പെട്ടന്ന്‌ അവ മായ്ക്കാറൂണ്ട്‌ അതുപോലെ മായ്ച്ചു കളയാവുന്നതായിരുന്നെങ്കില്‍ തന്റെ ഈ ഓര്‍മ്മകളെന്ന്‌ അവള്‍ ആഗ്രഹിച്ചു.
അരിച്ചെത്തുന്ന തണുത്ത കാറ്റില്‍ അനുസരണയില്ലാതെ പാറിപ്പറക്കുന്ന നര പടര്‍ന്നു തുടങ്ങിയ മുടിയെ മാടിയൊതുക്കി കണ്ണുകള്‍ ഇറുക്കി അടച്ച്‌ ഓര്‍മ്മകളെ ഇരുട്ടുകൊണ്ട്‌ സ്വയം മൂടി, തല ചായ്ച്ച്‌ അവള്‍ കിടന്നു....ഈ യാത്രയുടെ അന്ത്യമറിയാതെ

1 അഭിപ്രായം: