മുളങ്കൂട്ടങ്ങള്‍.

സ്വര്‍ണനിറത്തില്‍ കതിര്‍ക്കുലകളുമായി കുമ്പിട്ടുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. കോഴിക്കോട്-കൊളൈഗല്‍ ദേശീയപാത 212-ല്‍ സഞ്ചരിക്കുന്നവര്‍ക്ക് മുത്തങ്ങ മുതല്‍ കര്‍ണാടക അതിര്‍ത്തി വരെ കാണാം. വയനാട് വന്യജീവി സങ്കേതത്തില്‍ പരക്കെയുള്ള കാഴ്ചയാണിത്.. ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ മുള പുഷ്പിക്കൂ. വംശം നിലനിര്‍ത്താന്‍ കോടിക്കണക്കിനു വിത്തുകള്‍ നല്‍കി ജീവിതാന്ത്യത്തില്‍ പൂവിട്ട് വിടപറയുകയാണ് വയനാട്ടില്‍ ഒരു തലമുറ മുളങ്കാടുകള്‍. കുലത്തിന്റെ നിലനില്പിനായി ഓരോ മുളന്തണ്ടും ആയിരക്കണക്കിന് വിത്തുകള്‍ ഭൂമിയില്‍ വിതറി ജീവന്‍ വെടിയും.

മനുഷ്യനും വന്യമൃഗങ്ങള്‍ക്കും സഹായിയായ സസ്യങ്ങളിലൊന്നാണിത്. ഇംഗ്ലീഷില്‍ തോണി ബാംബുവെന്നും വ്യവഹാരനാമത്തില്‍ ബാംബു എന്നും അറിയപ്പെടുന്ന മുളയാണ് നമ്മുടെ കാടുകളില്‍ വ്യാപകമായി കണ്ടുവരുന്നത്. ബാംബൂസ ബാംബോസാണ് ശാസ്ത്രനാമം.
കേരളത്തില്‍ വ്യാപകമായി കാണുന്ന ഈ സസ്യം ഇന്ത്യയില്‍ മിക്കയിടത്തുമുണ്ട്. ആയിരം മീറ്റര്‍ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമി ഇതിന് യോജിച്ചതാണ്.

മഴക്കാലത്ത് മൂലകാണ്ഡത്തില്‍നിന്ന് പുതിയ മുകുളങ്ങള്‍ ധാരാളമുണ്ടാകും. നാലഞ്ചു മാസംകൊണ്ട് അവ പൂര്‍ണവളര്‍ച്ചയെത്തും. പിന്നീടാണ് ശാഖകളും ഇലകളും ഉണ്ടാകുന്നത്. ഒരു നല്ല മുളയ്ക്ക് 80 മീറ്റര്‍ വരെ നീളവും 100 കിലോവരെ ഭാരവും കാണും. ചുവട്ടിലെ മുട്ടിടയ്ക്ക് 40 സെന്‍റിമീറ്റര്‍ ചുറ്റളവും ഉണ്ടാകും.

മുള ഏകപുഷ്പിയാണ്. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും ഒന്നിച്ചു പൂക്കാറുണ്ട്. വിത്തു വിളഞ്ഞാല്‍ എല്ലാം കടയോടെ നശിക്കും. ആയുസ്സില്‍ ഒരിക്കലേ പുഷ്പിക്കൂ. മുപ്പതു മുതല്‍ നാല്പതു വര്‍ഷം വരെ കൂടുമ്പോഴാണ് പൂക്കുക. ഈര്‍പ്പം കുറഞ്ഞ സ്ഥലത്തെ മുള 30 വയസ്സു കഴിഞ്ഞാല്‍ പൂക്കാന്‍ തുടങ്ങും. നനവുള്ള ഭൂമിയില്‍ വളരുന്നവ 40 വര്‍ഷം വരെ പൂക്കാതെ നിന്നെന്നു വരാം. പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞ് നഗ്‌നശാഖകളിലെല്ലാം പൂക്കളുണ്ടാകും.

പൂവ് ചെറുതാണ്. ഇളംപച്ച നിറം. മുളയരി നെന്മണിപോലാണ്. മുള പൂക്കുന്നതിനു രണ്ടുവര്‍ഷം മുമ്പ് മൂലകാണ്ഡത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഇക്കാലത്ത് പുതു മുളകള്‍ ഉണ്ടാകില്ല. പൂത്ത മുളയ്ക്ക് ഉറപ്പു വളരെ കുറവായിരിക്കും. വിത്തു മുളച്ച് പുതിയ തൈകള്‍ ഉണ്ടായി വെട്ടാന്‍ പറ്റിയ കള്‍മുകളാകാന്‍ മൂന്നുനാലു വര്‍ഷം വേണ്ടിവരും.

ആദിവാസികളും പുറത്തുനിന്നുള്ളവരും കാട്ടിലെത്തി വ്യാപകമായി മുളയരി ശേഖരിക്കും. മൂത്തു കൊഴിയാന്‍ തുടങ്ങുന്നതോടെ മുളങ്കൂട്ടത്തിന് ചുറ്റുമുള്ള കരിയിലയും മറ്റും തൂത്തുവാരി വൃത്തിയാക്കിയിടും. കൊഴിഞ്ഞുവീഴുന്ന മുളനെന്മണി വാരി പാറ്റിയെടുത്ത് പച്ചയ്ക്ക് കുത്തിയാണ് അരിയെടുക്കുന്നത്. ആദിവാസി വനിതകള്‍ തൊഴില്‍പോലും ഉപേക്ഷിച്ച് രാവിലെത്തന്നെ കാട്ടിലെത്തും. പണ്ടുകാലത്ത് മുളയരി പ്രധാന ആഹാരംതന്നെയായിരുന്നു. ഗിരിവര്‍ഗക്കാരില്‍ കാട്ടുനായ്ക്കരും പണിയരും ഊരാളിമാരും കുറുമരുമെല്ലാം മുളയരി ഭക്ഷ്യാവശ്യത്തിനായി ശേഖരിക്കും. മുള പൂക്കാന്‍ തുടങ്ങിയാല്‍ നാലുമാസംകൊണ്ട് പൂത്ത് വിളവെടുപ്പ് പൂര്‍ത്തിയാകും. മഴക്കാലത്തിനുമുമ്പ് വിളവെടുപ്പ് കഴിയും.

മുളയരി ചോറിനും കഞ്ഞിക്കും ഉപയോഗിക്കാറുണ്ട്. . പലഹാരത്തിന് നല്ലതാണ്, പ്രത്യേകിച്ച് പുട്ട് നല്ല രുചിയാണ്. മുളയരിക്ക് ചൂട് കൂടുതലാണ്. ഔഷധഗുണമുള്ളതാണ് മുളയുടെ പല ഭാഗങ്ങളും. ആയുര്‍വേദം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ മുളയുടെ ഇളംതണ്ടും കൂമ്പും കറിവെക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അരിഞ്ഞ് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞശേഷമാണ് ഉപയോഗിക്കുന്നത്.

ഏതാനും വര്‍ഷം മുമ്പ് മുള വ്യാപകമായി പൂത്തപ്പോള്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്ന കല്ലൂരിലെ ഗിരിജന്‍ സൊസൈറ്റി ആദിവാസികളില്‍നിന്ന് മുളയരി വാങ്ങി അരിയാക്കി വിറ്റിരുന്നു. സ്വകാര്യ കച്ചവടക്കാര്‍ വിറ്റതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് സംഘം വിറ്റിരുന്നത്

മനുഷ്യര്‍ ഇത് വ്യാപകമായി വാരിയെടുക്കുന്നത് മുളയ്ക്ക് ഭീഷണിയാണ്. കാട്ടുതീയും മലവെള്ളപ്പാച്ചിലും വിത്തുകളെ നശിപ്പിക്കും. ഇതിനെല്ലാം പുറമേ ഒരുതരം വണ്ടുകളുടെ ആക്രമണ വും മുളയരിക്ക് ഭീഷണിയാണ്.

വയനാട്ടിലെ മുളകള്‍ നിര്‍ബാധം വനംവകുപ്പ് വ്യവസായ സ്ഥാപനങ്ങള്‍ക്കായി വിറ്റുകൊണ്ടിരിക്കുകയാണ്. ഇത് കാട്ടാനയുടെ ഏറ്റവും പ്രിയഭക്ഷണമാണ് നഷ്ടമാക്കുന്നത്. കാട്ടാനകളുടെ ആവാസമേഖലയിലേതുപോലും മുറിച്ചുമാറ്റുന്നുണ്ട്. പൂക്കാനാകുന്നതുവരെയെങ്കിലും ഇതു നിലനിര്‍ത്തേണ്ടത് വന്യജീവികള്‍ക്കും പുതിയ തൈകള്‍ മുളച്ചുവരാനും ആവശ്യമാണ്.
വേനല്‍ക്കാലങ്ങളില്‍ കാട്ടില്‍ അവശേഷിക്കുന്ന ഭക്ഷണം മുളയാണ്. വ്യവസായശാലകള്‍ക്കുവേണ്ടിയുള്ള വ്യാപകമായ മുറിക്കലും പൂക്കുന്നതും തീറ്റകിട്ടാതെ കാട്ടാനകള്‍ വ്യാപകമായി നാട്ടിലിറങ്ങാന്‍ കാരണമാകും. ഇതിനെല്ലാം പുറമേ നിബിഡവനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് വ്യവസായങ്ങള്‍ക്കുവേണ്ടി യൂക്കാലിപ്റ്റസും നട്ടുപിടിപ്പിച്ചു. ഇതുണ്ടാക്കിയ പാരിസ്ഥികപ്രശ്‌നവും വലുതായിരുന്നു. ചതുപ്പുകള്‍ ഇല്ലാതാക്കി. വന്യജീവികള്‍ക്ക് ആഹാരമാക്കാവുന്ന ഒരു സസ്യംപോലും യൂക്കാലിപ്റ്റസ് നട്ടുവളര്‍ത്തിയ മേഖലയില്‍ ഉണ്ടാകുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ