വിശ്വദര്‍ശനത്തിലേക്ക്‌



കവിത അകവെളിച്ചത്തിന്റെ അടയാളമാണ്‌. ജീവധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചം ചേര്‍ന്നുനില്‍ക്കുന്ന ഒരു കവി മലയാളത്തിലുണ്ട്‌ - മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്‌. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ്‌ . മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ്‌ അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുക്കുന്നത്‌.

ഇത്തിരി ചുവപ്പും അതിലേറെ പച്ചപ്പും അതിലേറെ മോഹഭംഗവും. എല്ലാറ്റിനുമുപരി മാനവീയതയുടെ ഹംസധ്വനിയുമാണ്‌ അബ്ദുറഹ്മാന്‍ മലയാളി മനസ്സിലേക്ക്‌ എഴുതിച്ചേര്‍ക്കുന്നത്‌. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും കാവ്യപഥത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുതിര്‍ത്ത ദശാസന്ധിയിലാണ്‌. ``നീലക്കണ്ണുകളുടെ'' ദ്യുതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്‌. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയുടെ സ്വപ്‌നവും കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യ ദു;ഖങ്ങളുടെ പച്ചത്തുരുത്തില്‍ നിന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക-രാഷ്‌ട്രീയസംഭവങ്ങളും ഈ കവിയുടെ വരികളില്‍ കൂടുവച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളില്‍ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരി കാത്തിരുന്ന കവി. തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തുപാടാനും മറന്നില്ല.

`കവിയും സുഹൃത്തും' - എന്ന രചനയില്‍ സര്‍ഗ്ഗാത്മകതയുടെ ഉണ്മ തിരയുന്നവരുടെ ചിത്രമുണ്ട്‌. ``ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും എഴുതിച്ചേര്‍ക്കുകയാണ്‌ കവിതകളില്‍ പല വിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്‌. മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും കവിതയിലുണ്ട്‌. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം നമ്മുടെ ഹൃദയത്തില്‍ വരച്ചിടുകയാണ്‌ അബ്ദുറഹ്മാന്‍ അര്‍ത്ഥഗരിമായര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ്‌ ഈ കവിയുടെ രചനകളില്‍ സദാജാഗരൂകമായി അനുവാചകനെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന നിരവധി ബൈബിള്‍ ബിംബങ്ങള്‍ രചനകളില്‍ ഉപയോഗപ്പെടുത്തുന്ന
എഴുത്തിന്റെ വഴിയില്‍ ഈ കവിയുടെ പാഥേയം വിശ്വസംസ്‌കൃതിതന്നെ.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗത ജന്മം കവിതാതട്ടകത്തിലുണ്ട്‌. ആത്മവേദനയില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുസുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ്‌ മനുഷ്യജീവിതമെന്ന കാവ്യ കാഴ്‌ച പോലുള്ള കൃതികള്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു. ഭൂമിയുടെ ഉപ്പും മൃഗയയും ഭൈരവന്റെ തുടിയും അപരാഹ്നവും സ്‌നേഹിച്ചുതീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത്‌ ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്‌. അതിന്റെ വൈതരണിയും വൈവിധ്യവുമാണ്‌ കാവ്യലോകത്തു നിന്നു മലയാളി കേട്ടുകൊണ്ടിരിക്കുന്നത്‌.``എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-ന്നെങ്ങോ പതുങ്ങി-ക്കിടക്കും ഭുജംഗമേ''-എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു.

എങ്കിലും-``എന്റെ മകുടിയി-ലൂടെ മൃത്യുഞ്‌ജയ-മന്ത്രമായ്‌ത്തീരുന്നുഞാനുമെന്‍ ഗാനവും''-ആത്മവിശ്വാസത്തിന്റെ തുടിപ്പും പുലര്‍ത്തുന്നു. കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത്‌ വാക്കിന്റെ അഗ്നികടഞ്ഞെടുത്ത കാവ്യങ്ങളിലൂടെയാണ്‌. കൃതികള്‍ വായനക്കാരുടെ ഉള്ളുപൊള്ളിക്കുന്നതും ഇളംതെന്നലിന്റെ തലോടല്‍പോലെ സ്‌പര്‍ശിക്കുന്നതും കവിതയുടെ ധ്വനിച്ചുനില്‍പ്പുകൊണ്ടാണ്‌.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒരു നിത്യകാമുകന്‍ അബ്ദുറഹ്മാന്റെ മനമെഴുത്തിലുണ്ട്‌. തപിച്ചും തളര്‍ന്നും നാട്ടുവഴിയിലും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായിച്ചെടുക്കുകയാണ്‌ അയാള്‍.``നിര്‍ത്താതെ നി്രദയുമില്ലാതെ, മാത്രകള്‍തെറ്റാതെ,യെത്രയോ കാലമായിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു.'' - ഈ പ്രകീര്‍ത്തനങ്ങള്‍ കവിതയുടെ വെണ്‍വെളിച്ചമാണ്‌.

പൊന്നാട തെറുത്തേറ്റി പോകാനൊരുങ്ങുന്ന പകലിനെയും, കൊക്കും പിളര്‍ത്തി അടുക്കുന്ന കഴുകുകള്‍ ശുദ്ധവായു വില്‍ക്കുന്നതും കവി കണ്ടെടുക്കുന്നുണ്ട്‌. ജന്മഗേഹത്തിലേക്കുള്ള വഴിതേടുന്ന പ്രവാസിയുടെ മൗനദു:ഖവും അറിയുന്നു. വിശ്വദര്‍ശനത്തിലേക്ക്‌ ഉറ്റുനോക്കുന്ന കവിക്ക്‌ കാളിദാസനും യവനദേശവും ചിത്രകലയും സംഗീതവും ക്രിസ്‌തുവും കൃഷ്‌ണനും ബുദ്ധനും മുഹമ്മദും മാര്‍ക്‌സുമെല്ലാം ജീവിതത്തിന്റെ പാഥേയമാണ്‌. അമാവാസിക്ക്‌ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറുപോലെ ഏതു സങ്കടക്കടലില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്‌, കൈത്താങ്ങായി മാര്‍ഗുന്നത്കവിത തന്നെയാണ്‌. മലയാളത്തിന്റെ സുകൃതവും അഗ്നിസ്‌പര്‍ശമാര്‍ന്ന കവനകലയുടെ സജീവസാന്നിദ്ധ്യവുമാണ്‌ ഈ കാവ്യപഥികന്‍. കവിതയുടെ പാലാഴി തീര്‍ത്ത്‌ വാക്കിന്റെ അമരമധുരം നേദിക്കുന്ന കവിതയുടെ ഉള്‍ക്കരുത്ത്‌.ഹൃദയം പാടുന്നു രാഗാര്‍ദ്രമായ്‌
മലയാളകവിതയില്‍ ഏറ്റവും മുഴക്കമുള്ള ശബ്‌ദമാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ